ചേലകാടിന്റെ വശ്യതയില്‍(യാത്ര)

January 13, 2022
ചേലകാടിന്റെ വശ്യതയില്‍
186
Views

എത്ര ദിവസം കണ്ടാലും തീരാത്ത കാഴ്ചകള്‍ ഇടുക്കിയിലുണ്ട്.എങ്കിലും ചില ഭാഗങ്ങളിലൊക്കെ ഒറ്റ ദിവസം കൊണ്ട് ഒന്നു കറങ്ങിവരാന്‍ കഴിയും.ജില്ലയിലെ പുറംലോകമധികം അറിയാത്ത മനോഹര സ്ഥലമായ ചേലക്കാടിനെ പരിചയപ്പെടാം. തൊടുപുഴയില്‍ നിന്നും ഏകദേശം 25 കിലോമീറ്ററാണ് ചേലകാടിന് തൊടുപുഴ ടൗണില്‍ നിന്നും മുതലക്കോടം വഴി കരിമണ്ണൂര്‍,ഉടുമ്പന്നൂര്‍,കടന്ന്‌ ചീനിക്കുഴിയിലെത്തണം.

ചീനിക്കുഴി കഴിഞ്ഞാല്‍ പിന്നെ കടകളൊന്നും ഇല്ല.തനി ഉള്‍നാടന്‍ പ്രദേശമാണ്. ചീനിക്കുഴിയില്‍ നിന്നും ഇടത്തോട്ടുള്ള വഴിയിലൂടെ നേരെ മലയിഞ്ചിക്ക്.മലയിഞ്ചിയില്‍ നിന്നും പിന്നിട് കാട്ടിലൂടെയാണ് യാത്ര.പോകുന്നവഴിയില്‍ ചെറുതേന്‍മാലി,കീഴാര്‍കുത്ത് എന്നിവയുടെ ദൂരകാഴ്ചകള്‍ മനംമയക്കും.

പൊട്ടിച്ചിരിച്ചു കൊണ്ടൊഴുകുന്ന ചെറിയ അരുവികളും മുനി കന്യകയെ പോലെ ധ്യാനമുഖിയായൊഴുകുന്ന കാട്ടാറും മനോഹരമായ കാഴ്ചകളാണ്.പക്ഷികളുടെ കളകൂജനവും വെള്ളത്തിന്റ കളകള ശബ്ദവുമല്ലാതെ മറ്റൊരു ശബ്ദവും അവിടെ കേള്‍ക്കാനില്ല.സഞ്ചാരികള്‍ എത്താത്ത സ്ഥലമായത് കൊണ്ട് മാലിന്യങ്ങള്‍ ലവലേശവുമില്ല.കാറ്റു കൊണ്ട് പാറയിലോ കല്ലിലോ ഇരിക്കാം.വേണമെങ്കില്‍ പുഴയിലിറങ്ങി ഒന്നു കുളിക്കുകയുമാവാം.കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞിരിക്കാം.ധ്യാനിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ധ്യാനത്തിലിരിക്കാം.

ചേലക്കാടിന്റെ പ്രധാനകാഴ്ച എന്നു പറയുന്നത് ചേലകാട് പുഴയുടെ കുറുകെയുള്ള നാല് തൂക്കു പാലങ്ങളാണ്.ചാമക്കയം തൂക്കുപാലം എന്നാണ് അറിയപ്പെടുന്നത്.മലമുകളില്‍ നിന്നും പാറക്കെട്ടുകള്‍ക്കിടയിലൂടെ കുത്തിയൊലിച്ചൊഴുകി വരുന്ന കാട്ടാറിന് മീതെ ഇരുകരകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കു പാലങ്ങളാണിവ.ആറിന്റെ ഇരുകരകളിലും താമസിക്കുന്ന ചേലക്കാട് ചാമക്കയം,വില്ലന്‍തണ്ട് എന്നീ ആദിവാസി ഗ്രാമങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക മാര്‍ഗ്ഗം കൂടിയാണിത്.കമുകും ഇല്ലികമ്പും വരിഞ്ഞുകെട്ടി നാട്ടുകാര്‍ തന്നെയാണ് ഈ തൂക്കുപാലങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്.

മഴപെയ്ത് പുഴ കലിപൂണ്ടൊഴുകുമ്പോള്‍ ഈ മൂന്നു ഗ്രാമങ്ങളും പുറം ലേകത്തു നിന്നും തീര്‍ത്തും ഒറ്റപ്പെട്ടു പോകും.അപകടം നിറഞ്ഞ ഈ തൂക്കു പാലത്തിലൂടെ തലയില്‍ ചുമടുകളുമായി ഇവിടുള്ളവര്‍ സഞ്ചരിക്കുന്നത് കണ്ടാല്‍ തന്നെ നെഞ്ചിടിക്കും.അനുദിനാവശ്യങ്ങള്‍ക്ക് ടൗണില്‍ പോകാന്‍ മാത്രമല്ല, രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതും ഈ പാലത്തിലൂടെയാണ്.അക്കരയിക്കരെ കടക്കാന്‍ സൗകര്യപ്രദമായ ഒരു കോണ്‍ക്രീറ്റ് പാലം ഇന്നാട്ടുകാരുടെ ചിരകാല അഭിലാഷമാണ്.ഈ തൂക്കുപാലങ്ങളും കാട്ടാറിന്റെ ഭംഗിയും അങ്ങനെ തന്നെ നിലനിര്‍ത്തി മറ്റൊരു കോണ്‍ക്രീറ്റ് പാലം കൂടി പണിതീര്‍ത്താല്‍ ഇവിടുത്തെ ജനങ്ങളുടെ യാത്ര ക്ലേശത്തിന് പരിഹാരമാവുക മാത്രമല്ല ഈ മനോഹര സ്ഥലം നല്ലൊരു ടൂറിസ്റ്റ് കേന്ദ്രമായി മാറുകയും ചെയ്യും.സമയം വൈകിയതിനാലും മഴ പെയ്തു തുടങ്ങിയതുകൊണ്ടും,കീഴാര്‍കുത്തിന് പോകാതെ ഞങ്ങള്‍ തിരിച്ചു പോന്നു. വനവും മലയും വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും നിറഞ്ഞ ഈ കാഴ്ചകള്‍ ഏതൊരു മനസിനേയും കുളിര്‍പ്പിക്കുമെന്ന് പറയാതെ വയ്യ.

ജനപ്രിയപ്രോഗ്രാം ഹലോ ബ്ലസ് കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Article Categories:
Latest News · Travel

Leave a Reply

Your email address will not be published.

The maximum upload file size: 128 MB. You can upload: image, audio, video, document, spreadsheet, interactive, text, archive, code, other. Links to YouTube, Facebook, Twitter and other services inserted in the comment text will be automatically embedded. Drop file here