കോട്ടയം: സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം കോട്ടയംകാര്‍ക്ക് അഗ്നിപരീക്ഷയായി. മുന്നറിയിപ്പില്ലാതെ ജനറല്‍ ആശുപത്രിയുള്‍പ്പടെ അടയ്ക്കുകയും വഴികള്‍ ബാരിക്കേഡ് വച്ച് അടയ്ക്കുകയും ചെയ്തു.കടകളുടെ ഷട്ടറുകള്‍ താഴ്ത്തി.ഏതാണ്ട് വലിയ ഭീകരസംഭവം നടക്കുന്നതായി മാറി മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസമാണ് ഏര്‍പ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രി തങ്ങിയ നാട്ടകം ഗസ്റ്റ്ഹൗസിലേയ്ക്കുളള വഴികളില്‍ പൊതുജനങ്ങള്‍ക്കും നാട്ടുകാര്‍ക്കും നിരോധനമേര്‍പ്പെടുത്തി. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കറുത്ത മാസ്ക്കും നിരോധിച്ചു.
ഗസ്റ്റ് ഹൗസിന് മുന്നില്‍ നിന്ന് മാധ്യമങ്ങളെ മാറ്റി. അര കിലോ മീറ്റര്‍ അകലെ നിന്നു മാത്രം ദൃശ്യങ്ങളെടുക്കാനാണ് അനുമതി നല്‍കിയത്. വേദിയിലേക്കുള്ള വഴികളെല്ലാം മുന്നറിയിപ്പില്ലാതെ പൊലീസ് അടച്ചത് ആശുപത്രിയിലേയ്ക്കും ആരാധനാലയങ്ങളിലേയ്ക്കും വരികയും പോകുകയും ചെയ്ത സാധാരണക്കാരെ മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞു നിര്‍ത്തി ബുദ്ധിമുട്ടിച്ചു. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പൊലീസ് പറയുന്നത്.ഇത്രയധികം സുരക്ഷയൊരുക്കി ജനങ്ങളെയാകമാനം കൂച്ചുവിലങ്ങിട്ട് നിര്‍ത്തിയിട്ടും യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ടിടത്ത് കരിങ്കൊടി കാട്ടി.കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സമ്മേളന ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയതും ജനങ്ങളെ ബന്ദിയാക്കിയതും.