പാമ്പ് വിഷബാധയെ കുറിച്ച് ചിലതൊക്കെ അറിഞ്ഞിരിക്കാം

February 1, 2022
പാമ്പ് വിഷബാധയെ കുറിച്ച് ചിലതൊക്കെ അറിഞ്ഞിരിക്കാം
126
Views

വിഷപ്പാമ്പുകളെ ഏറ്റവും പേടിയോടെ മാത്രം കണ്ടിരുന്ന മലയാളിയെ വിശിഷ്ടാഥിതിയെ പോലെ സ്‌നേഹത്തോടെ കാണാന്‍ പഠിപ്പിച്ചവനാണ് വാവ സുരേഷ് എന്ന പാമ്പുകളുടെ ഉറ്റതോഴന്‍.
പാമ്പിന് ചെവി കേള്‍ക്കില്ല, പാമ്പാട്ടികളുടെ മകുടി ഊതല്‍ പാമ്പുകള്‍ കേള്‍ക്കുന്നില്ല, വെളുത്തുള്ളി അരച്ച് പറമ്പില്‍ ഒഴിച്ചതുകൊണ്ട് പാമ്പ് വരാതിരിക്കില്ല തുടങ്ങി ഈ ഇഴജന്തുവുമായി ബന്ധപ്പെട്ട ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ മലയാളികള്‍ക്കിടയില്‍നിന്ന് മാറ്റിയെടുക്കുന്നതിന് വാവ പ്രയത്‌നിച്ചിട്ടുണ്ട്. പാമ്പിനെ അക്രമി ആയിട്ടല്ല, പ്രദേശത്തെ ‘അതിഥി’ എന്നു മാത്രമേ വാവ സുരേഷ് വിശേഷിപ്പിക്കാറുള്ളൂ. അനുവാദമില്ലാതെ അകത്തു വരുന്ന അതിഥിയെ അതിന്റെ യഥാര്‍ഥ വാസ സ്ഥലത്തേക്ക്, കാട്ടിലേക്ക്, എത്തിക്കുക മാത്രമാണ് വാവ സുരേഷ് ചെയ്യുന്നത്
അതിന്റെ ശ്രദ്ധ മാറുമ്പോള്‍ ചിലപ്പോള്‍ അപ്രതീക്ഷിത കടി കിട്ടിയേക്കാം. അങ്ങനെ മുന്നൂറിലേറെ തവണ പാമ്പ് കടിയേറ്റിട്ടുണ്ട് വാവയ്ക്ക്.കഴിഞ്ഞ ദിവസം കോട്ടയത്തു നിന്നും പാമ്പു കടിയേറ്റ വാവ സുരേഷ് ഇപ്പോള്‍ മെഡിക്കല്‍ കോളജിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

ഈ അവസരത്തില്‍ പാമ്പുവിഷബാധയെ കുറിച്ച് അല്പം അറിയാം.

പലപ്പോഴും പാമ്പ് കടിയെയും മറ്റും കുറിച്ച് പല തെറ്റിദ്ധാരണകളും നമുക്കിടയിലുണ്ട്. ഇത്തരം തെറ്റിദ്ധാരണകളും അറിവില്ലായ്മയും കൊണ്ട് വിഷ ചികിത്സയ്ക്കായി പോകുന്നവര്‍ തങ്ങളുടെ കുട്ടിയെ അല്ലെങ്കില്‍ പാമ്പു കടിയേറ്റ ആളെ അവരറിയാതെ കൊലയ്ക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പിന്നെ എന്ത് ചെയ്യണമെന്നായിരിക്കും നിങ്ങള്‍ ചോദിക്കുന്നത്. പാമ്പ് കടിയേറ്റാല്‍ വേഗത്തില്‍ വിഷം ഏല്‍ക്കാതിരിക്കാനും ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകളെക്കുറിച്ചും അറിയാം.

പാമ്പു കടിയേറ്റ ലക്ഷണം

പാമ്പ് കടിയേല്‍ക്കാന്‍ സാധ്യത കൂടുതലുള്ളത് കാലുകളാണ്. നടന്ന് പോകുമ്പോഴോ അല്ലെങ്കില്‍ ഇരിക്കുമ്പോഴോ അറിയാതെ ഇഴഞ്ഞെത്തുന്ന പാമ്പ് ആദ്യം കാലിലായിരിക്കും കടിക്കുക. പാമ്പ് കടിയേറ്റ ആള്‍ക്കുണ്ടാകുന്ന ഭയം തന്നെയാണ് ഇതിന്റെ പ്രധാന ലക്ഷണം. കാരണം ഹൃദയമിടിപ്പ് വര്‍ധിക്കുമ്പോള്‍ അറിയാതെ തന്നെ മുഖഭാവങ്ങളില്‍ മാറ്റങ്ങളുണ്ടാകും. മാത്രമല്ല തല കറക്കം, ഓക്കാനം, തളര്‍ച്ച, ബോധക്ഷയം, വിയര്‍ക്കല്‍ തുടങ്ങിയവയൊക്കെ പാമ്പ് കടിയേറ്റ ആള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്.പാമ്പ് കടിയേറ്റ ഭാഗത്ത് ചുവന്ന തുടിപ്പുണ്ടാകളുണ്ടാകും. ഇത്തരത്തില്‍ ചുവന്ന പാടുകള്‍ കണ്ടാല്‍ വളരെ പെട്ടെന്ന് തന്നെ വിദഗ്ദ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്. മാത്രമല്ല കടിയേറ്റ ഭാഗത്ത് നല്ല വേദനയും അനുഭവപ്പെടും. കൈകാലുകള്‍ മരവിക്കുക, ഛര്‍ദ്ദിക്കുക, കാഴ്ചയില്‍ മരവിപ്പ് അനുഭവപ്പെടുക തുടങ്ങിയ കാര്യങ്ങളുണ്ടായാല്‍ വിഷം ശരീരത്തിന് അകത്തെത്തിയിട്ടുണ്ട് എന്ന് വേണം കരുതാന്‍. ഇത്തരത്തില്‍ വിഷം അകത്തേക്ക് ചെന്ന് കഴിഞ്ഞാല്‍ ഹൃദയത്തിന്റെയും വൃക്കകളുടെയും നാഡികളുടെയും പ്രവര്‍ത്തനം തകരാറിലാകും എന്ന് മാത്രമല്ല ശ്വാസ തടസ്സം, മുറിവിന് ചുറ്റുമുള്ള കോശങ്ങളുടെ നാശം തുടങ്ങിയവ ഉണ്ടാകും. കൂടാതെ അലര്‍ജ്ജി കൊണ്ടുണ്ടാകുന്ന പ്രതിപ്രവര്‍ത്തനങ്ങളും ഇതില്‍ പെടും.

പ്രഥമ ശുശ്രൂഷയിലെ അബദ്ധങ്ങള്‍

പാമ്പ് കടിച്ചാല്‍ കടിച്ച പാമ്പിനെ വീണ്ടും കടിപ്പിച്ചാല്‍ വിഷം ഇറക്കും എന്നൊക്കെ പറയാറുണ്ട്. എന്നാല്‍ ഇത് വെറും തമാശകളായി മാത്രമേ കാണാവു. പാമ്പ് കടിയേറ്റ ആള്‍ക്ക് ഭയമുണ്ടാകുക എന്നത് സ്വാഭാവികമാണ്. പക്ഷെ പരിഭ്രമവും ഓടി രക്ഷപ്പെടാനുള്ള ശ്രമവും പാമ്പ് കടിയേറ്റയാള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കും. ഇത് ഹൃദയം, വൃക്ക, തലച്ചോര്‍ എന്നിവിടങ്ങളില്‍ വിഷം പെട്ടെന്ന് എത്തിക്കും. അത് കൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഒഴിവാക്കി കഴിയുന്നതും ആരെയെങ്കിലും പെട്ടെന്ന് അറിയിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. കഴിവതും പാമ്പ് കടിയേറ്റ ഭാഗം അനക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അത്തരത്തില്‍ കടിയേറ്റ ഭാഗം കൂടുതല്‍ അനക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിലേക്ക് വിഷം വേഗത്തില്‍ പടരാനുള്ള സാധ്യത കൂടുതലാണ്. പാമ്പ് കടിയേറ്റ ഭാഗത്തിന് തൊട്ടു മുകളിലായി തുണി കൊണ്ട് കെട്ടണമെന്ന് പലരും പറയാറുണ്ട്. ഇത്തരത്തില്‍ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? ഇല്ല എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. പാമ്പ് കടിയേറ്റ ഭാഗത്തിന് തൊട്ട് മുകളിലായി തുണി കൊണ്ട് മുറുക്കിക്കെട്ടുന്നത് കൊണ്ട് വല്യ പ്രയോജനം ഇല്ല എന്ന് മാത്രമല്ല ഈ കെട്ട് അമിതമായി മുറുകുന്നത് വഴി കടിയേറ്റ ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും ആ ഭാഗം ഉപയോഗ ശൂന്യമാകുകയും ചെയ്യുകയാണ് ഉണ്ടാകുന്നത്. ഇനി അഥവാ ഇത്തരത്തില്‍ തുണി കെട്ടുന്നുണ്ടെങ്കില്‍ തന്നെ ഒരു വിരല്‍ കയറാനുള്ള അയവ് ഉണ്ടായിരിക്കണം. മാത്രമല്ല കൈകാലുകളിലാണ് കടിയേറ്റതെങ്കില്‍ വാച്ച്, ആഭരണങ്ങള്‍ തുടങ്ങിയവ പെട്ടെന്ന് തന്നെ ഊരി വെക്കുക. പിന്നീട് നീര്‍വീക്കം വന്നാല്‍ ഇവ മുറുകി ബുദ്ധിമുട്ടുണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

വിഷം തീണ്ടിയാല്‍ ഇത് കഴിക്കരുത്

പാമ്പ് കടിയേറ്റ ഉടനെ പുകവലിക്കുകയോ ആഹാരം കഴിക്കുകയോ ചെയ്യരുത്. എന്ന് മാത്രമല്ല മദ്യപാനവും അരുത്. കാരണം ഇവയിലൊക്കെയും അടങ്ങിയിട്ടുള്ള നിക്കോട്ടിന്‍ രക്തക്കുഴലുകളെ വികസിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് വിഷം ശരീരത്തിലേക്ക് വളരെ പെട്ടെന്ന് കലരാന്‍ ഇടയാക്കും. അത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുക. എന്ന് മാത്രമല്ല ചായയും കോഫിയും കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പാമ്പ് കടിയേറ്റയാളുടെ പിരിമുറുക്കം കുറയാന്‍ വേണ്ടി മദ്യപിക്കുകയോ അല്ലെങ്കില്‍ ചായയോ പുകവലിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ജീവന് ഹാനികരമാകുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.

രാസവസ്തുക്കളുടെ ഒരു സങ്കീര്‍ണ്ണ മിശ്രിതമാണ് വിഷം. രക്തത്തെ ബാധിക്കുന്ന വിഷം, നാഡീ വ്യൂഹത്തെ ബാധിക്കുന്ന വിഷം, പേശികളെ ബാധിക്കുന്ന വിഷം, ഹൃദയത്തെ ബാധിക്കുന്ന വിഷം തുടങ്ങിയവയാണ് പ്രധാനമായും ഉള്ളത്. മിക്ക പാമ്പുകളിലും ഒന്നിലേറെ തരം വിഷങ്ങള്‍ ഒന്നിച്ചു കാണാറുണ്ട്. അത് കൊണ്ട് തന്നെ ഇത്തരത്തില്‍ പാമ്പ് കടിയേറ്റാല്‍ ഒരു പരീക്ഷണത്തിന് മുതിരാതെ വളരെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിക്കുകയാണ് ചെയ്യേണ്ടത്.

പാമ്പുകടിയുടെ ഭാഗമായുള്ള ചികിത്സയ്ക്കുശേഷം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ?

കടിയേറ്റ ഭാഗത്തുള്ള വ്രണം ഉണങ്ങുന്നതുവരെ ഒന്നിടവിട്ട ദിവസം വൃത്തിയായി ഡ്രസ്സ് ചെയ്യണം. ഇല്ലെങ്കില്‍ മുറിവില്‍ അണുബാധ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ഇത് എല്ലിനെ ബാധിച്ചാല്‍ ചിലപ്പോള്‍ കാലിന്റെയോ കൈയുടെയോ ഒരു ഭാഗം മുറിച്ചുമാറ്റേണ്ടിവരും (amputation). മുറിവിനോട് അടുത്തുള്ള പേശികളിലും സന്ധികളിലും കഠിന വേദന ഉണ്ടാകാം. കുറെക്കാലം കഴിഞ്ഞാല്‍ സന്ധി അനക്കാന്‍ പറ്റാത്തവിധം അംഗവൈകല്യം തന്നെ ഉണ്ടാകാം (contracture formation) മാസത്തില്‍ ഒരിക്കല്‍. മൂന്നു മാസം വരെ എങ്കിലും രക്തവും മൂത്രവും പരിശോധിക്കണം. വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം അറിഞ്ഞിരിക്കണം. പാമ്പു വിഷം വൃക്കകളെയോ കരളിനെയോ ബാധിച്ചിരുന്നെങ്കില്‍ അതു പൂര്‍ണമായും മാറിയോ എന്നു പരിശോധിക്കണം. ഇല്ലെങ്കില്‍ സ്ഥായിയായ വൃക്കരോഗമോ കരള്‍രോഗമോ ഉണ്ടാകാം. ഒരു ഡോക്ടറെ കണ്ടു തുടര്‍ചികിത്സ വേണ്ടി വരും.

പാമ്പുകടിയേല്‍ക്കുന്നതു മറ്റു രോഗാവസ്ഥകളിലേക്കു നയിക്കുമോ ?

പെട്ടെന്നുള്ള വൃക്ക സ്തംഭനവും (അക്യൂട്ട് കിഡ്‌നി ഇന്‍ജുറി) ഹൃദയസ്തംഭനവും (കാര്‍ഡിയാക് ഫെയ്ലിയര്‍) ഉണ്ടാകാം. രക്ത സമ്മര്‍ദം കുറഞ്ഞു ക്ഷീണവും മയക്കവും ബോധക്ഷയവും ഉണ്ടാകാം. (പെരിഫെറല്‍ വാസ്‌കുലാര്‍ കൊളാപ്‌സ് ആന്‍ഡ് ഷോക്ക് peripheral vascular collapse and shock). വൃക്കകള്‍, അഡ്രിനല്‍ ഗ്ലാന്‍ഡ്, പിറ്റിയൂട്ടറി ഗ്ലാന്‍ഡ്, പരോട്ടിഡ് ഗ്ലാന്‍ഡ്, കണ്ണുകള്‍ എന്നിവയില്‍ രക്തസ്രാവം ഉണ്ടാകാം. മൈഗ്രേയ്ന്‍ പോലെയുള്ള തലവേദന ഉണ്ടാകാം.
കടിയേറ്റ ഭാഗത്തുള്ള വ്രണം നന്നായി ഉണങ്ങിയില്ലെങ്കില്‍ കുറെ നാളുകള്‍ക്കുശേഷം അംഗവൈകല്യം ഉണ്ടാകാം. കാഴ്ച നഷ്ടപ്പെടാം. മാനസിക രോഗങ്ങളും വിഷാദവും ഉണ്ടാകാം. ചിലരില്‍ സ്ഥായിയായ വൃക്കസ്തംഭനം ഉണ്ടായെന്നുവരാം.

ഉറക്കത്തില്‍ പാമ്പു കടിച്ചാല്‍ രോഗിയില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെയാണ്?

ഉറക്കത്തില്‍ പാമ്പു കടിച്ചാല്‍ മിക്കവാറും ആ വ്യക്തി ഞെട്ടി ഉണരും. പ്രത്യേകിച്ചും വിഷം ഉള്ള പാമ്പു കടിച്ചാല്‍, പല്ലിന്റെ ആഴത്തിലുള്ള രണ്ടു പാടുകാണും. കടിച്ച ഭാഗത്തു വേദന ഉണ്ടാകും.പാമ്പിനെ കണ്ടില്ലെങ്കില്‍ പലപ്പോഴും പാമ്പാണോ വേറെ എന്തെങ്കിലുമാണോ കടിച്ചതെന്നു വ്യക്തി അറിയുന്നില്ല. സംശയം ഉണ്ടെങ്കില്‍ ഉടന്‍ ആശുപത്രിയില്‍ പോയി ചികിത്സ തേടണം. വിഷം ഉള്ളില്‍ പോയിട്ടുണ്ടോ എന്നു പരിശോധിക്കണം. അടുത്ത ദിവസം വരെ വച്ചുകൊണ്ടിരിക്കരുത്. ചിലപ്പോള്‍ വൈകിപ്പോകും.

ശരീരത്തിലെ മുറിപ്പാടുകളില്‍ നിന്നു കടിച്ചതു പാമ്പു തന്നെയാണെന്ന് എങ്ങനെ അറിയാനാകും?

വിഷം ഉള്ള പാമ്പു കടിച്ചാല്‍ ആഴത്തിലുള്ള രണ്ടുമുറിവുകള്‍ കാണും (ഫെങ് മാര്‍ക്‌സ് Fang marks) കടിച്ച ഭാഗത്തു വേദന ഉണ്ടാകും. മുറിവിനു ചുറ്റും ചുവപ്പു നിറവും നീരും ഉണ്ടാകും. ഇതു കൂടാതെ ഓക്കാനം, ഛര്‍ദി, കാഴ്ചയ്ക്കു മങ്ങല്‍, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട്,മയക്കം, വിയര്‍പ്പ്, തരിപ്പ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.

കുട്ടികള്‍ക്കു പാമ്പുവിഷബാധ ഏറ്റാല്‍ കൂടുതല്‍ ഗുരുതരമാകുമോ ? ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? പ്രഥമ ശുശ്രൂഷ നല്‍കുമ്പോള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് എന്തെല്ലാം ?

മുതിര്‍ന്നവരെപ്പോലെ തന്നെ കുട്ടികളെയും വിഷം ഉള്ള പാമ്പു കടിച്ചാല്‍ അവസ്ഥ ഗുരുതരമാകും. കുട്ടികളില്‍ വിഷം പെട്ടെന്നു ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത ഉണ്ട്. കുട്ടികളിലും പെട്ടെന്നുള്ള വൃക്കസ്തംഭനവും (acte kidney injury) ഹൃദയസ്തംഭനവും ഉണ്ടാകാം. രക്ത സമ്മര്‍ദം കുറഞ്ഞു ക്ഷീണവും മയക്കവും ബോധക്ഷയവും ഉണ്ടാകാം. ഹൃദയമിടിപ്പിന്റെ താളം തെറ്റാം. ഓക്കാനം, ഛര്‍ദി, പനി, കുളിര്, തലചുറ്റല്‍, ബോധക്ഷയം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം.

കഴിയുന്നത്ര കുട്ടിയെ അനങ്ങാതെ കിടത്തണം. ഓടി നടക്കാന്‍ അനുവദിക്കരുത്. കടിയേറ്റ ഭാഗം ഹൃദയത്തെക്കാളും താഴ്ത്തിവയ്ക്കണം. മുറിവു സോപ്പും വെള്ളവും കൊണ്ടു നന്നായി കഴുകണം. വളയോ മോതിരമോ ഇറുകിയ വസ്ത്രമോ അഴിക്കണം. കുട്ടിക്ക് കഴിക്കാനോ കുടിക്കാനോ ഒന്നും കൊടുക്കരുത്. തുണികൊണ്ടോ ചരടു കൊണ്ടോ കടിയേറ്റ ഭാഗം മുറുക്കി കെട്ടരുത്. വിഷം പുറത്തേക്കു വലിച്ചെടുക്കാന്‍ നോക്കരുത്. ബ്ലേഡ് കൊണ്ടോ കത്തി കൊണ്ടോ മുറിവു വലുതാക്കുകയും അരുത്. പറ്റുമെങ്കില്‍ പാമ്പു കടിച്ച സമയം നോക്കണം. പാമ്പിനെ കണ്ടിട്ടുണ്ടെങ്കിലും അതിനെക്കുറിച്ചു നന്നായി വിവരിക്കാന്‍ സാധിക്കണം. എത്രയും വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കണം.

പാമ്പു കടിച്ചെന്നു സംശയിക്കുന്ന സാഹചര്യത്തില്‍ വിദഗ്ധ ചികിത്സ തേടാതെ സമാന്തര ചികിത്സയ്ക്കു പോകുന്നത് അപകടകരമാണോ ?

ഇതു വളരെ അപകടകരമാണ്. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പ്രതിരോധ മരുന്ന് (antivenom) കൊടുക്കണം. ഇല്ലെങ്കില്‍ വിഷം അവയവങ്ങളെ മുഴുവന്‍ പ്രവര്‍ത്തനരഹിതമാക്കും. വൃക്കസ്തംഭനവും ഹൃദയസ്തംഭനവും ഉണ്ടാകാം. ഞരമ്പുകളെ ബാധിച്ചാല്‍ തളര്‍ച്ച ഉണ്ടാകാം. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായി യന്ത്രത്തിന്റെ (വെന്റിലേറ്റര്‍) സഹായം ചിലപ്പോള്‍ വേണ്ടി വരും. വൃക്ക സ്തംഭനം മൂര്‍ച്ഛിച്ചാല്‍ ഡയാലിസിസ് ചെയ്യേണ്ടി വരും.

ഐസിയുവില്‍ (ICU)ചിലപ്പോള്‍ പ്രവേശിപ്പിക്കേണ്ടി വരും. ജീവനു തന്നെ അപായം ആകാം.

പാമ്പു കടിച്ച ഭാഗം നന്നായി വൃത്തിയാക്കിയില്ലെങ്കില്‍ അവിടെ അണുബാധ വരാം. അണുക്കള്‍ രക്തത്തില്‍ കയറിയാല്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും പടര്‍ന്ന് സെപ്‌സിസ് (sepsis) വന്നു മരിക്കാനും സാധ്യത ഉണ്ട്. ചിലപ്പോള്‍ കാലിന്റെയോ കൈയുടെയോ ഒരു ഭാഗം മുറിച്ചുമാറ്റേണ്ടി വരും (amputation).

വൃക്കരോഗിയില്‍ പാമ്പുകടി കൂടുതല്‍ ഗുരുതരമാകുമോ ? വൃക്കരോഗി എങ്ങനെ കരുതല്‍ എടുക്കണം?

പാമ്പുവിഷം കൂടുതലും വൃക്കകളെ ആണു ബാധിക്കുന്നത്. നല്ല ആരോഗ്യം ഉള്ള ഒരാളെ വിഷമുള്ള പാമ്പു കടിച്ചാല്‍ വൃക്കസ്തംഭനം വരാന്‍ സാധ്യത ഉണ്ട്. അപ്പോള്‍ ഒരു വൃക്കരോഗിയുടെ അവസ്ഥ ഇതിലും ഗുരുതരമാണ്. തുടക്കത്തില്‍ തന്നെ ആ വ്യക്തിയുടെ വൃക്കകളുടെ പ്രവര്‍ത്തനം കുറവാണ്. അതിനൊപ്പം പാമ്പുവിഷം ഉള്ളില്‍ ചെന്നാല്‍ വൃക്കകള്‍ക്കു കൂടുതല്‍ ക്ഷതം സംഭവിക്കാം. പെട്ടെന്നു വൃക്കസ്തംഭനം വരാം. ചിലപ്പോള്‍ ഡയാലിസിസ് ചെയ്യേണ്ടി വരും. ചിലരില്‍ ഇതു പൂര്‍ണമായ വ്യക്കസ്തംഭനത്തിലേക്കു നയിക്കാം. (End Stage Kidney Failure). ജീവിതകാലം മുഴുവനും ഡയാലിസിസ് ചെയ്യേണ്ടി വരും. പാമ്പുകടി സംശയിച്ചാല്‍ എത്രയും പെട്ടെന്നു ചികിത്സ തേടണം. വൃക്കരോഗം ഉള്ള വിവരം ഡോക്ടറോടു പറയണം. വൃക്കരോഗികള്‍ക്കു പ്രതിരോധ ശക്തി കുറവായതിനാല്‍ പെട്ടെന്ന് അണുബാധ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ആന്റിബയോട്ടിക് (antibiotic) ചികിത്സ വേണ്ടിവരും.

എല്ലാവിഭാഗം പാമ്പുകളും കടിച്ചാല്‍ ചികിത്സയ്ക്ക് ആവശ്യമായ ആന്റിവെനം ഇന്ത്യയില്‍ ലഭ്യമാണോ ?

ഇന്ത്യയില്‍ പോളിവാലെന്റ് ആന്റിവെനം ആണുള്ളത്. നാലു പ്രധാന പാമ്പുകളുടെ വിഷത്തിന് എതിരെ പ്രവര്‍ത്തിക്കുന്നതാണ് ഇത്. മൂര്‍ഖന്‍ (Cobra), അണലി(Viper). വെള്ളിക്കെട്ടന്‍(Krait). സോ സ്‌കള്‍ഡ് വൈപ്പര്‍ (Saw scaled Viper) സാധാരണയായി ഈ നാലു പാമ്പുകളാണ് ഇന്ത്യയില്‍ കൂടുതലായി കണ്ടുവരുന്നത്. വേറെ വിഷമുള്ള പാമ്പുകളും ഉണ്ട്. പക്ഷേ, ഇപ്പോള്‍ അതിനെതിരെ ആന്റിവെനം ലഭ്യമല്ല.

ഒന്നിലേറെ തവണ പാമ്പുകടിയേല്‍ക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമോ ?

തീര്‍ച്ചയായും കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഒരിക്കല്‍ വിഷം ഉള്ളില്‍ ചെല്ലുന്നതു കൊണ്ടു തന്നെ ആന്തരികാവയവങ്ങള്‍ക്കു കേടുപാട് ഉണ്ടാകാം. അപ്പോള്‍ ഒന്നിലേറെ പ്രാവശ്യം വിഷം ഉള്ളില്‍ ചെന്നാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്.

പാമ്പു കടിച്ചെന്ന ഭയം മരണകാരണം ആകുമോ ?

പാമ്പിനെ കാണുന്നതു തന്നെ പലരിലും ഭയം ഉണ്ടാക്കും. പ്രത്യേകിച്ചും ഉയര്‍ന്ന രക്ത സമ്മര്‍ദം ഉള്ളവരിലും ഹൃദ്രോഗം ഉള്ളവരിലും. ഇങ്ങനെ ഭയം ഉണ്ടായാല്‍ ബോധക്ഷയം. ഷോക്ക്, ഹൃദയസ്തംഭനം എന്നിവ ഉണ്ടാകാം. പാമ്പുകടിയേറ്റാല്‍ ഇതിനുള്ള സാധ്യത കൂടുതലാണ്.

പാമ്പു വിഷബാധയുടെ ചികിത്സ വളരെ ചെലവേറിയതാണെന്നു പറയാനുള്ള കാരണം ?

പാമ്പുകടിയേറ്റ ഉടനെ ചികിത്സ തേടിയാല്‍ ചെലവു കുറവായിരിക്കും. ഗവണ്‍മെന്റ് ആശുപത്രികളിലും മെഡിക്കല്‍ കോളജ് ആശുപത്രികളിലും ഇതിന്റെ ചികിത്സ സൗജന്യമാണ്. സങ്കീര്‍ണതകള്‍ വരുമ്പോഴാണു ചെലവു കൂടുന്നത്. പ്രത്യേകിച്ചും സ്വകാര്യ ആശുപത്രികളില്‍ ഐസിയു (ICU), വെന്റിലേറ്റര്‍, ഡയാലിസിസ് എന്നിവ വേണ്ടി വന്നാല്‍. രക്തസ്രാവം കാരണം രക്തം അല്ലെങ്കില്‍ പ്ലാസ്മ കൊടുക്കേണ്ടി വന്നാലും ചെലവു കൂടും. കഠിനമായ അണുബാധ വന്നാല്‍ ഉയര്‍ന്നതരം ആന്റിബയോട്ടിക്കുകള്‍ (higher antibiotics) കൊടുക്കേണ്ടി വരും. ഇതും ചെലവു കൂട്ടും. അതുകൊണ്ടു പാമ്പുകടി ഏറ്റാല്‍ ഉടനെ ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടണം. ഒട്ടും വൈകാന്‍ പാടില്ല. വൈകിയാല്‍ ചെലവു കൂടുന്നതു മാത്രമല്ല. മറ്റ് അവയവങ്ങളെ ബാധിക്കാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

കടിച്ച പാമ്പിനെക്കുറിച്ചു രോഗി അറിയേണ്ട അടിസ്ഥാന വിവരങ്ങള്‍ എന്തെല്ലാം ?

കടിച്ച പാമ്പ് ഏതാണെന്ന് അറിഞ്ഞാല്‍ വളരെ നല്ലതാണ്. പ്രത്യേകിച്ചും വിഷമുള്ള പാമ്പാണോ വിഷം ഇല്ലാത്തതാണോ എന്ന്. വിഷം ഉള്ളതാണെങ്കില്‍ അണലിയാണോ മൂര്‍ഖനാണോ വെള്ളിക്കെട്ടനാണോ എന്ന് അറിഞ്ഞാല്‍ നല്ലതാണ്. എല്ലാത്തിനും ആന്റിവെനം ഒന്നു തന്നെ ആണെങ്കിലും മറ്റു പ്രശ്‌നങ്ങള്‍ വരുന്നുണ്ടോ എന്നു കൂടുതല്‍ സൂക്ഷ്മതയോടെ നോക്കാന്‍ സഹായിക്കും. അണലി ആണെങ്കില്‍ ഹീമോടോക്‌സിക് ആണ്. രക്തസ്രാവം വരാനും വൃക്കസ്തംഭനം ഉണ്ടാകാനും സാധ്യത കൂടുതലാണ്. മൂര്‍ഖന്‍ ആണെങ്കില്‍ ന്യൂറോടോക്‌സിക് ആണ്. ഞരമ്പുകളെയും മസ്തിഷ്‌കത്തെയും ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടു വരാം. വെന്റിലേറ്ററിന്റെ സഹായം ചിലപ്പോള്‍ വേണ്ടിവരും

Article Categories:
Health

Leave a Reply

Your email address will not be published.

The maximum upload file size: 128 MB. You can upload: image, audio, video, document, spreadsheet, interactive, text, archive, code, other. Links to YouTube, Facebook, Twitter and other services inserted in the comment text will be automatically embedded. Drop file here