ബപ്പിലഹരിയുടെ രാഗലഹരിയില്‍ മലയാളത്തിന്റെ സ്വന്തം ഗായിക ആശാലത

February 18, 2022
Bappi Lahiri- song by Ashalatha
318
Views

ഗീതാദാസ്‌

ഇന്ത്യയുടെ പ്രിയപ്പെട്ട സംഗീത സംവിധായകനും ഡിസ്‌കോ രാജാവും ഗായകനുമായ ബപ്പി ലാഹിരി വിടപറഞ്ഞു. എഴുപതുകളിലും എണ്‍പതുകളിലും ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്കാണ് ബപ്പി ലാഹിരി സംഗീതം പകര്‍ന്നത്. ഡിസ്‌കോ സംഗീതത്ത സിനിമയില്‍ ജനപ്രിയമാക്കാനും ബപ്പി ലാഹിരി പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മലയാളത്തിലും ഈ ഡിസ്‌കോ തമ്പുരാന്‍ തന്റെ സംഗീത മുദ്ര പതിപ്പിച്ചിട്ടുണ്ട്. ‘ദ ഗുഡ് ബോയ്സ്’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ബപ്പി ലാഹിരി സംഗീത സംവിധാനം നിര്‍വഹിച്ചത്. മധു, കലാഭവന്‍ മണി, സുധീഷ്, ജഗതി , ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം 1997ലാണ് പ്രദര്‍ശനത്തിനെത്തിയത്. ഗിരീഷ് പുത്തഞ്ചേരിയാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചത്. നാല് ഗാനങ്ങളായിരുന്നു ചിത്രത്തിന് വേണ്ടി ബപ്പി ലാഹിരി ചിട്ടപ്പെടുത്തിയത്. എന്നാല്‍ ചിത്രം വിജയിച്ചില്ല.

ബപ്പി ലഹരിയുടെ ആദ്യമലയാള ഗാനങ്ങള്‍ രാഗലഹിരി

ബപ്പിലഹരിയുടെ രാഗലഹരിയില്‍ മലയാളത്തിന്റെ സ്വന്തം ഗായിക ആശാലത

മലയാള സിനിമയ്ക്കു വേണ്ടി ആദ്യത്തെ സംഗീത സംവിധാനം നിര്‍വഹിച്ചത് ദ ഗുഡ് ബോയ്സില്‍ ആയിരുന്നെങ്കിലും ബപ്പി ലഹരിയുടെ ആദ്യമലയാള ഗാനങ്ങള്‍ ഈ ചിത്രത്തിലേതായിരുന്നില്ല. 1987 പുറത്തിറങ്ങിയ രാഗലഹിരിയാണ് ബപ്പി ലഹിരിയുടെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ മലയാള ഗാനങ്ങള്‍.ഡിസ്‌കോ ഗാനങ്ങള്‍ മലയാളത്തില്‍ സുപരിചിതമല്ലാതിരുന്ന കാലത്ത് രാഗലഹരിയിലെ മലയാള ഡിസ്‌കോ ഗാനങ്ങള്‍ അക്കാലത്തെ സൂപ്പര്‍ഹിറ്റ് ആയിരുന്നു. ഉണ്ണിമോനോനും ആശാലതയും പാടിയ 8 ഗാനങ്ങളാണ് രാഗലഹിരിയില്‍ ഉള്ളത്.വെല്‍കം, മാനേ മാനേ, ഉന്മാദം നല്കു, തൊട്ടു തൊട്ടു ആടിടാം, മേടയില്‍ വര്‍ണ്ണ മേളകള്‍…ഞാന്‍ കണ്ടു..പെണ്ണേ അരികില്‍,അയ്യയ്യോ.. വായോ വായോ…തുടങ്ങിയവയാണ് ആ ഗാനങ്ങള്‍. മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ രചിച്ച്, ബപ്പി ലഹിരി സംഗീത സംവിധാനം നിര്‍വഹിച്ച എട്ടു ഡിസ്‌കോ ഗാനങ്ങള്‍ അക്കാലത്തെ യുവത്വം നെഞ്ചിലേറ്റി സൂപ്പര്‍ ഹിറ്റാക്കി.

ബപ്പി ലഹിരിയുടെ ആദ്യ മലയാള ഗാനങ്ങള്‍ ആലപിച്ചത് ആശാലത

ബപ്പിലഹരിയുടെ രാഗലഹരിയില്‍ മലയാളത്തിന്റെ സ്വന്തം ഗായിക ആശാലത
ചിത്രത്തില്‍ ക്ലിക്ക് ചെയ്തു പാട്ടു കേള്‍ക്കാം

ആശാലതയാണ് ബപ്പി ലഹരിയുടെ മലയാള ഗാനങ്ങള്‍ ആദ്യം ആലപിച്ച മലയാള ഗായിക.ബപ്പി ലഹരി എന്ന പേര് ഇന്ത്യന്‍ യുവത്വത്തെ ലഹരി പിടിപ്പിച്ചിരുന്ന കാലമാണ് 80,90 കാലഘട്ടം ഈ കാലഘട്ടത്തിലാണ് ആശാലതയും സംഗീത ലോകത്തേയ്ക്കു കടന്നു വന്നത്.ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയ ബോളിവുഡിന്റെ സ്വന്തം ‘ഡിസ്‌കോ കിങി’ന്റെ ഫാസ്റ്റ് നമ്പറുകള്‍ക്കായി യുവത്വം കാത്തിരുന്ന എണ്‍പതുകളില്‍..കൗമാരം വിടാത്ത പ്രായത്തില്‍ ആശാലതയ്ക്ക് സംഗീത രാജാവിന്റെ ആദ്യ മലയാള ഡിസ്‌കോ ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരം ലഭിച്ചു.ബപ്പി ലഹിരി ആദ്യമായി മലയാളത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചതും ഈ ഗാനങ്ങള്‍ക്ക് വേണ്ടിയായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്.
പ്രശസ്ത അമേരിക്കന്‍ കമ്പനിയായ സി.ബി.എസ് ഗ്രാമഫോണ്‍ റെക്കോഡ്‌സ് ആന്‍ഡ് ടേപ്പ്‌സ് ആണ് ഈ ഗാനങ്ങള്‍ ഇറക്കിയത്. ഈ കാസെറ്റുകള്‍ റെക്കോഡ് വില്പന നേട്ടം കൈവരിച്ചതിന് അന്ന് ആശാലതയ്ക്ക് സി.ബി .എസ് ഗോള്‍ഡ് ഡിസ്‌ക് പുരസ്‌കാരം ലഭിച്ചിരുന്നു.

ആശാലത

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയും റേഡിയോ ജോക്കിയുമാണ് ആശാലത. 1985ല്‍ ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഒഴിവുകാലം എന്ന സിനിമയിലെ ചൂളം കുത്തും കാറ്റേ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ആശാലത ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് വരുന്നത്. തുടര്‍ന്ന് വിവിധ മലയാള സിനിമകളിലായി നാല്പതോളം ഗാനങ്ങള്‍ ആലപിച്ചു.

യേശുദാസിനൊപ്പമായിരുന്നു ആദ്യഘട്ടത്തില്‍ ആശാലത പാടിയിരുന്നത്. തുടര്‍ന്ന് ഉണ്ണിമേനോന്‍, ജി. വേണുഗോപാല്‍, കൃഷ്ണചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍, മാര്‍ക്കോസ്, കെ.എസ്. ചിത്ര, മനോ, മലേഷ്യ വാസുദേവന്‍, ജോളി എബ്രഹാം എന്നിവര്‍ക്കൊപ്പവും വിവിധ സിനിമകളിലായി ഗാനങ്ങള്‍ ആലപിച്ചു. ജോണ്‍സണ്‍ മാഷിനു പുറമേ, എ.ടി ഉമ്മര്‍, രാഘവന്‍ മാസ്റ്റര്‍, ഔസേപ്പച്ചന്‍, ശ്യാം, ജെറി അമല്‍ദേവ്, എം.ബി ശ്രീനിവാസന്‍, ബോംബെ രവി, മോഹന്‍ സിതാര, ബേണി ഇഗ്‌നേഷ്യസ് തുടങ്ങിയ പ്രഗത്ഭ സംഗീത സംവിധായകരുടെ ഈണങ്ങള്‍ക്ക് ശബ്ദം പകര്‍ന്ന ആശാലത നിരവധി ഹിറ്റ് ഗാനങ്ങള്‍ക്കും ഉടമയാണ്.സ്‌നേഹമുള്ള സിംഹം എന്ന ചിത്രത്തിലെ സ്‌നേഹം കൊതിച്ചു ഈരേഴുലോകം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ പൊന്നിന്‍ കിനാവുകള്‍, ഒരു വടക്കന്‍ വീരഗാഥയിലെ ഉണ്ണി ഗണപതി തമ്പുരാനേ ഗാ്ണ്ഡീവത്തിലെ മഞ്ഞണിഞ്ഞ പൂവേ…ഓമല്‍ സ്വപനങ്ങളിലെ.. എണ്ണിയാല്‍ തീരാത്ത…നിശയെ നിലാവു പുണര്‍ന്നു… തുടങ്ങിയ ഗാനങ്ങള്‍, ആശാലത ആലപിച്ചവയാണ്.

https://youtube.com/playlist?list=PLz_biPB3GfQXbJLk9aY_kKFmCHNatf-OF
ആശാലതയുടെ പാട്ടുകള്‍ക്കായി ലോഗോയില്‍ ക്ലിക്ക് ചെയ്യുക

ആശാലതയ്ക്ക് പത്തൊമ്പത് വയസ്സുള്ളപ്പോളാണ് പ്രശസ്തമായ തരംഗിണിക്കുവേണ്ടി എം.ജി രാധാകൃഷ്ണന്റെ സംഗീത സംവിധാനത്തില്‍ യേശുദാസിനൊപ്പം പാടിക്കൊണ്ട് ഗ്രാമീണഗാനങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ ഓഡിയോ കാസറ്റുകളിറക്കിയത്. തരംഗിണി പരിചയപ്പെടുത്തുന്ന നവവശ്യനാദം എന്നായിരുന്നു അക്കാലത്ത് ആശാലത വിശേഷിപ്പിക്കപ്പെട്ടത്. ആശാലതയുടെ സ്വരത്തിന്റെ മാധുര്യവും ശുദ്ധതയും തിരിച്ചറിഞ്ഞ് ഗാനഗന്ധര്‍വ്വനാണ് നവവശ്യനാദം എന്ന വിശേഷണം നല്കിയത്. തരംഗണിയുടെ കാസറ്റിന്റെ കവര്‍ പേജില്‍ ദാസേട്ടന്‍ തന്നെയാണ് നവവശ്യനാദം എന്ന് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. ഗാനഗന്ധര്‍വ്വനില്‍ നിന്നും മറ്റൊരു ഗായികമാര്‍ക്കും കിട്ടാത്ത വലിയൊരു അംഗീകാരമായിരുന്നു ഈ വിശേഷണം.

ബപ്പിലഹരിയുടെ രാഗലഹരിയില്‍ മലയാളത്തിന്റെ സ്വന്തം ഗായിക ആശാലത

തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ ഇളയരാജയുടെ കീഴിലും ആശാലത പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുപത്തിരണ്ട് തമിഴ് ചിത്രങ്ങളില്‍ ആശാലത ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. ഒരു തെലുങ്ക് ചിത്രത്തിലും പാടിയിട്ടുണ്ട്. പ്രശസ്ത കവി വയലാര്‍ രാമവര്‍മ്മയുടെ പേരിലുള്ള അദ്യ വയലാര്‍രാമവര്‍മ്മ അവാര്‍ഡ് ലഭിച്ചത് ആശാലതയ്ക്കായിരുന്നു. പ്രശസ്ത സംഗീതസംവിധായകന്‍ ദേവരാജന്‍ മാസ്റ്ററും ഗായിക മാധുരിയും അടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പമായിരുന്നു പുരസ്‌കാരം. സിനിമാഗാനങ്ങള്‍ക്കു പുറമേ, നിരവധി സംഗീത ആല്‍ബങ്ങളിലും ആശാലത പാടിയിട്ടുണ്ട്.കൂടാതെ സ്വന്തം രചനയും സംഗീത സംവിധാനവും നിര്‍വഹിച്ച് ആലപിച്ച മറക്കുവതെങ്ങനെ എന്ന സംഗീത ആല്‍ബം സൂപ്പര്‍ ഹിറ്റായിരുന്നു.

4th Estate Kerala

Article Categories:
Kerala · Latest News · Movies

Leave a Reply

Your email address will not be published.

The maximum upload file size: 128 MB. You can upload: image, audio, video, document, spreadsheet, interactive, text, archive, code, other. Links to YouTube, Facebook, Twitter and other services inserted in the comment text will be automatically embedded. Drop file here