ഗീതാദാസ്

നാട്ടുകാരന് :ചേട്ടത്തിയുടെ മക്കള്‍ ഒക്കെ എത്തിയോ…??
ഈവന്റ് മാനേജ്മെന്റ് സ്റ്റാഫ് : ഇല്ല, അവര്‍ക്ക് വരാന്‍ സാധിക്കില്ല എന്നറിയിച്ചിട്ടുണ്ട്.
നാട്ടുകാരന് : പിന്നെയാരാ അടുത്തിരുന്ന് കരയുന്ന സ്ത്രീകള്‍..??
ഈവന്റ് മാനേജ്മെന്റ് സ്റ്റാഫ് : അത് ‘ ഓള് വേയ്സ് ഈവന്റ് മാനേജ്മെന്റ് ‘ കമ്പനിയുടെ സ്റ്റാഫ് ആണ്. ഞാന്‍ അതിന്റെ മാനേജര്‍ ആണ്. ഞങ്ങള്‍ ആണ് ഈ പ്രോഗ്രാം നടത്തികൊടുക്കുന്നത്..!
നാട്ടുകാരന് : പ്രോഗ്രാമോ……?????
ഈവന്റ് മാനേജ്മെന്റ് സ്റ്റാഫ് : അതേ സാര്‍, വിവാഹവും, മരണവുമടക്കം ആളുകൂടുന്ന എല്ലാ ചടങ്ങുകളും ഞങ്ങള്‍ക്ക് പ്രോഗ്രാം ആണ്.ഇത് കളര്‍ഫുള്ളായി നടത്താന്‍ എത്ര പേരെ വേണമെങ്കിലും ഇറക്കാന്‍ ഞങ്ങള്‍ക്ക് കഴിയും.ഇവിടെ ഇപ്പോള്‍ നൂറില്കൂടുതല് ആളെ ഇറക്കിയിട്ടുണ്ട്.
നാട്ടുകാരന് : ആരാണ് നിങ്ങളെ ഇത് ഏല്‍പ്പിച്ചത്…???
ഈവന്റ് മാനേജ്മെന്റ് സ്റ്റാഫ് : അവരുടെ മക്കളാണ് സാര്‍, കാനഡയില്‍ നിന്ന് നെറ്റ് വഴി കഴിഞ്ഞ വര്‍ഷമാണ് അവര്‍ ഞങ്ങളുടെ സേവനത്തിന് രജിസ്റര്‍ ചെയ്തത്..
നാട്ടുകാരന് : അതിന് കഴിഞ്ഞവര്‍ഷം ചേട്ടത്തിക്ക് അസുഖമൊന്നുമില്ലായിരുന്നല്ലോ…???
ഈവന്റ് മാനേജ്മെന്റ് സ്റ്റാഫ് : ഉണ്ടാവണമെന്നില്ല.സാര്‍ , 60 വയസ്സ് കഴിഞ്ഞവര്‍ക്ക് നേരത്തെ ബുക്ക് ചെയ്യുന്നതാ നല്ലത്. ഇതിപ്പോള്‍ ഞങ്ങള്‍ക്ക് നന്നായി ഓര്‍ഗനൈസ് ചെയ്യാന്‍ സമയം കിട്ടി..
നാട്ടുകാരന് : എന്തൊക്കെയാണ് നിങ്ങളുടെ സേവനങ്ങള്‍..??
ഈവന്റ് മാനേജ്മെന്റ് സ്റ്റാഫ് : വിവരമറിഞ്ഞ ഉടന്‍ ഞങ്ങള്‍ മൊബൈല്‍ മോര്‍ച്ചറി എത്തിച്ചു,മരണവിവരം അറിയിക്കാന്‍ അമ്പതോളം ഫ്ലക്സ് ബോര്‍ഡുകള്‍ നാട്ടിലെങ്ങും സ്ഥാപിച്ചു, പന്തല്‍, ഫോട്ടോ, വീഡിയോ, മൈക്ക്, കരയാനും മറ്റും ആളുകള്‍, ഒക്കെ ഞങ്ങള്‍ ഏര്‍പ്പാട് ചെയ്തു.ഒറ്റക്ക് താമസിക്കുന്ന ഒരു വൃദ്ധ മരിക്കുമ്പോള്‍ ഇത്രക്ക് സൌകര്യങ്ങള്‍ പെട്ടെന്ന് ചിന്തിക്കാന്‍ കഴിയുമോ സാര്‍..??
നാട്ടുകാരന് : അവരുടെ ഭാഗ്യം, ഇനിയെന്താണ് അടുത്ത പരിപാടികള്‍..??
ഈവന്റ് മാനേജ്മെന്റ് സ്റ്റാഫ് : വിലാപയാത്രയാണ് സാര്‍..! നൂറ് കാറുകള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്..
നാട്ടുകാരന് :ഇതിനൊക്കെ വലിയ തുക ഫീസ് നിങ്ങള്‍ വാങ്ങിക്കില്ലേ.?
ഈവന്റ് മാനേജ്മെന്റ് സ്റ്റാഫ് : തുച്ചം സാര്‍, മൂന്ന് പെണ്മക്കളും, അവരുടെ കുടുംബവും കാനഡയില്‍ നിന്ന് വന്നിട്ട്പോകാന് തുക എത്രയാകും.? അതിന്റെ നാലിലൊന്ന്പോലും ഞങ്ങളുടെ ഫീസ് വരില്ല. കഷ്ടപ്പാടും ഇല്ല. മാത്രമല്ല കാനഡയില്‍ ഇരുന്ന് ഈ പ്രോഗ്രാം അവര്‍ നെറ്റ് വഴി കണ്ടുകൊണ്ടിരിക്കയാണ്..
നാട്ടുകാരന് : നന്നായി, ചേട്ടത്തി തല ചുറ്റി വീണ് മരിച്ചപ്പോള്‍ തന്നെ നിങ്ങള്‍ എങ്ങിനെ വിവരങ്ങള്‍ അറിഞ്ഞു..??
ഈവന്റ് മാനേജ്മെന്റ് സ്റ്റാഫ് : അതാണ് സാര്‍ ഞങ്ങളുടെ സര്‍വീസ്, രജിസ്റ്റര്‍ ചെയ്ത അന്നുമുതല്‍ ഈ വീടും ചേടത്തിയും എല്ലാം ഞങ്ങളുടെ നിരീക്ഷണത്തിലാണ്. ഇവിടെ ഒരു ഈച്ച അനങ്ങിയാല്‍ പോലും ഞങ്ങള്‍ അറിയും..!
നാട്ടുകാരന് : അപ്പോള്‍ ചേടത്തിയുടെ മരണത്തിനായി നിങ്ങള്‍ കാത്തിരിക്കയായിരുന്നോ…???
ഈവന്റ് മാനേജ്മെന്റ് സ്റ്റാഫ് : സംശയമെന്ത് സാര്‍., കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആയിരത്തില്‍ പ്പരം ആളുകളെ അവര്‍പോലും അറിയാതെ ഞങ്ങളുടെ സ്റ്റാഫ് നിരീക്ഷിച്ചു കൊണ്ടിരിക്കയാണ്…
65 കഴിഞ്ഞ നാട്ടുകാരന് പിന്നീട് ഒന്നും ചോദിക്കാന്‍ നില്‍ക്കാതെ പരിഭ്രമിച്ചു സ്ഥലം വിട്ടു.
All Comments
good